ജാഗ്രത ! കൊലയാളി ഗെയിം കേരളത്തിലും

കുട്ടികളില്‍ കുറ്റവാസനയും ആത്മഹത്യാ പ്രേരണയും ജനിപ്പിക്കുന്ന കമ്പ്യൂട്ടര്‍ ഗെയിമുകള്‍ വ്യാപകമാകുന്നു. രാജ്യത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൊലയാളി ഗെയിം എന്നറിയപ്പെടുന്ന ബ്ലൂവെയില്‍ ഗെയിം കേരളത്തിലും വ്യാപകമാകുന്നു. സംസ്ഥാനത്ത് രണ്ടായിരത്തിലധികം പേര്‍ ഈ അപകടകരമായ ഗെയിം ഡൗണ്‍ലോഡ് ചെയ്തതായാണ് പോലീസ് റിപ്പോര്‍ട്ട്. ഈ ഗെയിമിന്റെ സ്വാധീനത്തില്‍ പെട്ടാണ് കഴിഞ്ഞ മാസം പാലക്കാട്ടെ നാല് കുട്ടികള്‍ കെ.എസ്.ആര്‍.റ്റി.സി ബസില്‍ ചാവക്കാട്ട് കടല്‍ കാണാന്‍ പോയതെന്ന് സംശയിക്കുന്നു. ഈ കുട്ടികള്‍ ഈ ഗെയിം കളിച്ചിരുന്നതായി പരിശോധനയില്‍ തെളിയുകയും ചെയ്തു. സാഹസികതയെന്ന് തോന്നിപ്പിക്കുന്ന ചെറിയ രീതിയിലുളള ഗെയിമുകളില്‍ തുടങ്ങി ഹീനമായ കുറ്റകൃത്യങ്ങളിലേയ്ക്കും ആത്മഹത്യയിലേയ്ക്കും നയിക്കുന്ന മാനസികാവസ്ഥയിലേയ്ക്ക് കുട്ടികളെ മാറ്റുന്നതാണ് ഈ ഗെയിം. ഓണ്‍ഡലൈന്‍ സൈറ്റുകളില്‍ പരസ്യം നല്കുന്ന ഏജന്‍സികളാണ് കേരളത്തില്‍ ഈ മാരക ഗെയിം പ്രചരിപ്പിക്കുന്നത്.ബ്ലൂ വെയില്‍ ഗെയിമിനൊപ്പം മറ്റനേകം ഗെയിമുകളും സമൂഹത്തിന് വിനാശകരമായി പ്രചരിക്കുന്നുണ്ട്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നവ, സാഹസികമായി പട്ടണങ്ങളിലൂടെ കാര്‍ ഓടിക്കാനും, കാറില്‍ നിന്നിറങ്ങി ആളുകളെ കൂട്ടക്കൊല ചെയ്യാനും ഗ്യാങ് വാര്‍ നടത്താനും പരിശീലനം നല്കാന്‍ കഴിയുന്ന ഗെയിമുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം ഗെയിമുകള്‍ കളിക്കുന്ന കുട്ടികളുടെ മാനസിക നിലയും അതിനനുസരിച്ച് മാറും. സമൂഹത്തില്‍ മറ്റാരോടും ബന്ധപ്പെടാതെ ഈ ഗെയിമുകളില്‍ മുഴുകാന്‍ ഇവര്‍ പ്രേരിപ്പിക്കപ്പെടും. ഇവര്‍ക്ക് മറ്റാരെക്കാള്‍ പ്രിയപ്പെട്ടത് ഇവരെ മയക്കുന്ന കമ്പ്യൂട്ടറുകളായി മാറും. അവയുടെ ആജ്ഞാനുവര്‍ത്തികളായി അല്ലെങ്കില്‍ അവരുടെ ഇരകളായി യുവതലമുറ മാറും. കേരളത്തില്‍ അച്ഛനേയും, അമ്മയേയും, സഹോദരിയേയും കൊന്നു തളളിയ ജിന്‍സണ്‍രാജ് ഉദാഹരണമാണ്. മുംബൈയില്‍ കഴിഞ്ഞ ദിവസം കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത പതിനാലുകാരന്‍ മന്‍പ്രീത് സിങ് സഹാനി ഈ കളിയും ഇരയായിരുന്നുവെന്ന് പോലീസ് കരുതുന്നു. ഈ ഗെയിമുകളില്‍ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കാന്‍ രക്ഷിതാക്കള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. മുതിര്‍ന്നവരുടെ മൊബൈല്‍ ഫോണ്‍ കുട്ടികള്‍ എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മൊബൈല്‍ ഉപയോഗിക്കുന്ന കൗമാരക്കാരുടെ ഫോണ്‍ നിരന്തരം പരിശോധിക്കുക. കുട്ടികളിലെ ഉറക്കമില്ലായ്മ നിരീക്ഷിക്കണം. കുട്ടികളെ മൊബൈല്‍ ഗെയിമുകളില്‍ നിന്ന് പിന്തിരിപ്പിച്ച് മറ്റ് കുട്ടികളോടൊപ്പം കളിക്കാന്‍ പ്രോത്സാഹിപ്പിക്കുക. ഒറ്റപ്പെട്ടിരിക്കുന്നതിനു പകരം കുട്ടികളെ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാക്കാന്‍ രക്ഷിതാക്കള്‍ ശ്രമിച്ചാല്‍ നാളെയുണ്ടാകുന്ന വലിയ വിപത്തിനെ ഒഴിവാക്കാം.

Leave a Reply

Your email address will not be published. Required fields are marked *

*